Friday 23 October 2009

സാഹിത്യ ശില്‍പ്പശാല തൃശൂരില്‍ Nov.13,14,15 ന്

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ഈ വര്‍ഷത്തെ സാഹിത്യ ശില്‍പ്പശാല 2009 നവംബര്‍ 13,14.15 തിയ്യതികളില്‍ നടത്തപ്പെടുന്നതാണെന്ന് ക്യാംബ് ഡയറക്റ്ററായ പ്രശസ്ത കവി ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ബ്ലോഗിലൂടെ ബൂലോകരെ അറിയിച്ചിരിക്കുന്നു. കേരള വര്‍മ്മ കോളേജില്‍ നിന്നും,മറ്റുകോളേജുകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികളായിരിക്കും ക്യാംബ് അംഗങ്ങള്‍. പതിവുകളില്‍ നിന്നും വ്യത്യസ്തമായി പുതിയ കാഴ്ച്ചപ്പാടില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ സാഹിത്യ ശില്‍പ്പശാല പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമാകയാല്‍ ബൂലോകത്തെ ഓണ്‍ലൈന്‍ പത്രങ്ങളും,ബ്ലോഗുകളും,ഭൂമിയിലെ പത്രമാധ്യമങ്ങളും വിവിധങ്ങളായ ദൃശ്യകോണുകളിലൂടെ ശില്‍പ്പശാല ഒപ്പിയെടുത്ത് ബൂലോകത്തും,സമൂഹത്തിലും,എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇതിലൂടെ, ശ്രദ്ധിക്കപ്പെടുന്ന ഭാവിയുടെ സമൂഹത്തിന്റെ പഞ്ചേന്ദ്രിയങ്ങളായിമാറാനിടയുള്ള 50 ക്യാംബ് അംഗങ്ങളെ ഓരോരുത്തരേയും ബൂലോകത്തേക്ക് നമുക്കേവര്‍ക്കും സ്വാഗതം ചെയ്യാം.

സാഹിത്യ ശില്‍പ്പശാലയുടെ കാര്യപരിപാടികള്‍ ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട് വിവരിക്കുന്നത് താഴെക്കൊടുക്കുന്നു :


"ഇന്നലെയാണ് ശില്പശാലയുടെ രൂപരേഖ തയ്യാറാക്കിയത്.നവംബർ 13 നു തൃശ്ശൂർ കേരളവർമ്മ കോളേജിൽ രാവിലെ 10 ന് സുകുമാർ അഴീക്കോട് ഉൽഘാടനം. ആദികാവ്യമായ വാൽമീകിരാമായണത്തെക്കുറിച്ച് ലീലാവതിടീച്ചറുടെ ക്ലാസ്സ്.

(ലീലാവതി ടീച്ചർ വാല്മീകിരാമയണം സംസ്കൃതത്തിൽനിന്നും മലയാളത്തിലേക്ക് തർജ്ജമയും വ്യാഖ്യാനവും ചെയ്തിട്ടുണ്ട്).

തുടർന്ന് നവംബർ 15 വരെ ക്യാമ്പ്.

ഗ്രീസിലും ജപ്പാനിലുമൊക്കെ ഉണ്ടായിരുന്ന ഇംഗ്ലീഷ് പ്രൊഫസർ എം.വി.നാരായണനാണ് (ഇപ്പോൾ കോഴിക്കോട് സർവ്വകലാശാല) ഹോമർ എന്ന വിശ്വമഹാകവിയുടെ ഒഡീസ്സി, ഇലിയഡ് എന്നീ എപിക് കാവ്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്.മഹാരാജാസിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ എന്റെ ജൂനിയർ വിദ്യാർത്ഥിയായിരുന്നു നാരായണൻ.മിടുക്കനായ ആ വിദ്യാർത്ഥി ഇന്നു വലിയ പണ്ഡിതനായി, അറിയപ്പെടുന്ന ഇംഗ്ലീഷ് സാഹിത്യാദ്ധ്യാ‍പകനായി വളർന്നിരിക്കുന്നു.അവന്റെ ക്ലാസ്സ് കേൾക്കാൻ ഒരു അനൌപചാരിക വിദ്യാർത്ഥിയായി മുന്നിൽ ഞാൻ ഇരിക്കാൻ പോകുന്നു. അതും സാക്ഷാൽ ഹോമർകാവ്യം പഠിക്കാൻ.അതാണീ ശില്പശാലയിലെ എന്റെ ഏറ്റവും വലിയ സന്തോഷം.

പിന്നെ സോഫോക്ലിസിന്റെ ഈഡിപ്പസ്നാടകം പ്രൊഫ.എം.തോമസ്മാത്യുവും ദസ്തയേവ്സ്കിയുടെ കുറ്റവുംശിക്ഷയും പ്രൊഫ. എസ്.കെ.വസന്തനും, ടോൾസ്റ്റോയിയുടെ അന്നാകരിനീന പ്രൊഫ.ഐ. ഷണ്മുഖദാസും,ഷേക്സ്പിയറുടെ മാക്ബത്നാടകം പ്രൊഫ.എം.ആർ.ജലജയും,വ്യാസമഹാഭാരതം പ്രൊഫ. തുറവൂർ വിശ്വംഭരനും പാബ്ലൊ നെരൂദയുടെ കാന്റൊ ജനറൽ മഹാകാവ്യം പ്രൊഫ.കെ.ജി.ശങ്കരപ്പിള്ളയും കാളിദാസന്റെ ശാകുന്തളം വൈസ് ചാൻസലർ ഡോ.കെ.ജി.പൌലോസും പരിചയപ്പെടുത്തും."

ഈ വിഷയത്തെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ തുറമുഖം ബ്ലോഗില്‍ 2009 ഒക്റ്റോബര്‍ 18 ന് എഴുതിയ സാഹിത്യ ശില്‍പ്പശാല എന്ന പോസ്റ്റ് വായിക്കുന്നതിന് ഇവിടെ ക്ലിക്കുക.

കേരളവര്‍മ്മ കോളേജില്‍വച്ചു നവംബര്‍ 13,14,15 തിയ്യതികളില്‍ നടത്തപ്പെടുന്ന സാഹിത്യ ശില്‍പ്പശാലക്ക് കേരള ബ്ലോഗ് അക്കാദമിയുടെ ആശംസകള്‍ !!!

8 comments:

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ആശംസകൾക്ക് ഹൃദയപൂർവ്വം നന്ദി.(ശില്പശാല എന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാടിലല്ല, കേരളവർമ്മയിലെ മലയാളവിഭാഗം മേധാവി പ്രൊഫ.വി.ജി.തമ്പി അടക്കം ഞങ്ങൾ എല്ലാ സംഘാടകരുടെയും കൂട്ടായ കാഴ്ച്ചപ്പാടിലാണ്.)

Blog Academy said...

പ്രിയ ചുള്ളിക്കാടേ,
അങ്ങനെയൊരു ധ്വനി വന്നുപോയതില്‍ ഖേദിക്കുന്നു.
ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബ്ലോഗിലെ എഴുത്തുകാർക്കു വേണ്ടിയും ഇത്തരം ശില്പശാലകൾ ഊണ്ടായിരുന്നെങ്കിൽ എന്നൊരഭിപ്രായം സുനിൽ പണിക്കർ പ്രകടിപ്പിച്ചിട്ടുണ്ട്.ബ്ലോഗ് അക്കദമിക്ക് ആലോചിക്കാവുന്ന കാര്യമാണത്.

Blog Academy said...

പ്രിയ ചുള്ളിക്കാട്,
തീര്‍ച്ചയായും സന്തോഷകരമായ നിര്‍ദ്ദേശം.
ചുള്ളിക്കാട്‌ ബ്ലോഗിലെ സാഹിത്യ ശില്‍പ്പശാലയുടെ ഡയറക്റ്ററാകാമെങ്കില്‍..പിന്നെ മറ്റൊന്നും തടസ്സമാകുന്നില്ല.
ബ്ലോഗ് അക്കാദമിക്ക് 2008 മാര്‍ച്ച് മുതല്‍ 2009 മെയ് മാസവരെയുള്ള കാലയളവില്‍ കേരളത്തിന്റെ വിവിധ പട്ടണങ്ങളിലായി ആകെ 9 ബ്ലോഗ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ച അനുഭവമേയുള്ളു. കഥയും കവിതയുമൊക്കെ ഉള്‍ക്കൊള്ളുന്ന ശില്‍പ്പശാലകള്‍ അതിന്റെ സ്പന്ദനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന താങ്കളെപ്പോലുള്ള സാഹിത്യകാരന്മാരുടെ മുന്‍‌കയ്യില്ലാതെ ബ്ലോഗ് അക്കാദമിക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല.
ബ്ലോഗ് അക്കാദമി ബ്ലോഗര്‍മാരെ സംഘടിപ്പിക്കാനുള്ള ബ്ലോഗര്‍മാരുടെ കൂട്ടായ്മ മാത്രമാണ്. ഓഫീസോ,ഭരണഘടനയോ,ഭാരവാഹികളോ ഇല്ല. മൊത്തം വിര്‍ച്വലായ ഒരു സംഘടന :)

തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല

കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാല

തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല
ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാല

മലപ്പുറം ബ്ലോഗ് ശില്‍പ്പശാല

കണ്ണൂര്‍ ബ്ലോഗ് ശില്‍പ്പശാല(രണ്ടാമത്)
വയനാട് ബ്ലോഗ് ശില്‍പ്പശാല
വടകര ബ്ലോഗ് ശില്‍പ്പശാല

മലയാളം ബ്ലോഗര്‍മാര്‍ ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ബൂലോക ആള്‍ക്കൂട്ടമായതിനാല്‍ ഭൂമിയില്‍ വച്ച് ഒരു ബ്ലോഗ് സാഹിത്യ ശില്‍പ്പശാല നടത്തിയാല്‍ ഏവര്‍ക്കും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും രണ്ടു ശതമാനം പേര്‍ക്കുപോലും വ്യക്തിപരമായ കാരണങ്ങളാല്‍ ശരീരം കൊണ്ട് പങ്കെടുക്കാനാകില്ല. ഈ വസ്തുത കൂടി പരിഗണിക്കുംബോള്‍ രണ്ടു തരത്തില്‍ ബ്ലോഗ് സാഹിത്യ ശില്‍പ്പശാലക്ക് സാധ്യതയുണ്ടെന്നു തോന്നുന്നു.

1) എറണാകുളത്തോ,തൃശൂരോ ഉള്ള ബ്ലോഗര്‍മാരെ സംഘടിപ്പിച്ച് ഇപ്പോള്‍ കേരള വര്‍മ്മ കോളേജില്‍ സംഘടിപ്പിക്കുന്ന തരത്തില്‍ നേരില്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഒരു സാഹിത്യ ശില്‍പ്പശാല എറണാകുളത്തൊ,തൃശൂര്‍നടത്തുക. ഈ ശില്‍പ്പശാലയുടെ അപ്പ്ഡേറ്റുകളും, ഫോട്ടോകളും, ക്ലസ്സുകളും ബ്ലോഗ് അക്കാദമിയുടെ ബ്ലോഗുകളിലൂടെ പോസ്റ്റ് ചെയ്ത് , പോസ്റ്റില്‍ എഴുതുന്ന വിദൂരങ്ങളിലെ ബ്ലോഗര്‍മാരുടെ കമന്റുകളടക്കം ചര്‍ച്ച ചെയ്യുകയും, മറുപടി കമന്റുകളിലൂടെ ബൂലോകത്തെ ബ്ലോഗര്‍മാരുടെ പങ്കാളിത്ത സാദ്ധ്യതകൂടി ഉപയോഗപ്പെടുത്തുക.

2) തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പ്പശാലയിലെ അനുഗ്രഹീതരായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ ഓഡിയോ, വീഡിയോ, എന്നിവക്കു പുറമേ ക്ലാസ്സുകളുടെ ഉള്ളടക്കം യൂണിക്കോഡിലേക്ക് മാറ്റി ക്യാംബ് ഡയറക്റ്ററായ ചുള്ളിക്കാട് സ്വന്തം ബ്ലോഗിലോ, ബ്ലോഗ് അക്കാദമിയുടെ ബ്ലോഗിലോ ഒരു വിശദമായ പോസ്റ്റിട്ട് അതിനെ അടിസ്ഥാനമാക്കി കമന്റുകളിലൂടെ വളരെ നിയന്ത്രണത്തോടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.



ഇതില്‍ ഏതു തരത്തില്‍പ്പെട്ട ശില്‍പ്പശാലയാണ് ചുള്ളിക്കാട് ഇഷ്ടപ്പെടുക ? അതിനനുസരിച്ച് നമുക്ക് മുന്നോട്ടുപോകാം.

ബ്ലോഗില്‍ സജീവമായി കാണുന്നതില്‍ സന്തോഷമറിയിച്ചുകൊണ്ട്... സസന്തോഷം :)

...സസ്നേഹം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബ്ലോഗ് എഴുത്തുകാർക്കു വേണ്ടി ഇത്തരമൊരു ശില്പശാല സംഘടിപ്പിക്കാൻ ഏറ്റവും പറ്റിയ സ്ഥലം ആലുവാപ്പുഴയുടെ കരയിൽ തോട്ടും‌മുഖത്തുള്ള Y M C A camp site ആണ്. നൂറുപേർക്ക് താമസിക്കാനുള്ള മുറികളും ഡോർമിറ്ററിയും 400 പേർക്ക് ഇരിക്കാവുന്ന ഹാളും മൈക്കും ഭക്ഷണശാലയും അവിടെയുണ്ട്.(ഭക്ഷണം അവർതന്നെ ഉണ്ടാക്കിത്തരും) സ്ത്രീകൾക്കും സുരക്ഷിതമായ താമസ സൌകര്യമുണ്ട് അവിടെ.പുഴക്കരയിലെ കൂറ്റൻ മരങ്ങൾക്കു കീഴിലെ ശാന്തമായ സ്ഥലം.(പണ്ടു മുതൽ സർവ്വകലാശാലാ സാഹിത്യ ക്യാമ്പുകൾ സ്ഥിരം അവിടെ നടന്നുവരുന്നു.)

മൂന്നു ദിവസങ്ങളിലായി വിശ്വസാഹിത്യത്തിലെ മഹത്തായ ഒൻപതു കൃതികൾ ബ്ലോഗിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഒരു ശില്പശാലയാണ് എന്റെ സങ്കല്പത്തിൽ.ഈ കൃതികൾ നല്ലവണ്ണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള അദ്ധ്യാപകരുടെ ക്ലാസ്സ്. ഏത് എഴുത്തുകാർക്കും എഴുത്തുകാരാവാൻ ആഗ്രഹിക്കുന്നവർക്കും അങ്ങനെയൊരു കോഴ്സ് ഒരുപാട് ഗുണം ചെയ്യും. ചിലർക്കത് വലിയ പ്രചോദനമാവാം. സാഹിത്യകലയുടെ ആഴവും പരപ്പും മനസ്സിലാക്കാനും ഉപകരിക്കും.സൌഹൃദം, കൂട്ടായ്മ തുടങ്ങിയ കാര്യങ്ങൾ വേറെ.


ക്യാമ്പ് അംഗങ്ങളുടെയും അതിഥികളുടെയും താമസം, ഭക്ഷണം, ഹാൾ-മൈക്ക് വാടക, ക്ലാസ്സെടുക്കാൻ വരുന്ന അദ്ധ്യാപകരുടെ പ്രതിഫലവും യാത്രപ്പടിയും,ക്യാമ്പിലേക്ക് അദ്ധ്യാപകരെ എത്തിക്കാനും മറ്റാവശ്യങ്ങൾക്കും വേണ്ട വാഹനങ്ങളുടെ ചിലവ്- ഇവയ്ക്കുള്ള ഫണ്ട് കണ്ടെത്തുകയാണ് മറ്റൊരു പ്രധാന കാര്യം.‌

chithrakaran:ചിത്രകാരന്‍ said...

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ സാഹിത്യ ശില്‍പ്പശാല കഴിഞ്ഞ് അതിന്റെ പോസ്റ്റുകളൊക്കെ ബ്ലോഗിലിട്ട് ചര്‍ച്ചചെയ്ത് ആര്‍മാദിച്ചതിനുശേഷം നമുക്ക്
ബ്ലോഗ് സാഹിത്യ ശില്‍പ്പശാലയെക്കുറിച്ച് തീര്‍ച്ചയായും ആലോചിക്കാം.

Blog Academy said...

പ്രിയ ചുള്ളിക്കാട്,

വിഷയം ബ്ലോഗ് അക്കാദമിയിലെ എല്ലാ സജീവ അംഗങ്ങളുമായും
ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനുശേഷം മുന്നോട്ടുപോകാം.
കേരള വര്‍മ്മ കോളേജിലെ സാഹിത്യശില്‍പ്പശാലക്കും,
ബ്ലോഗില്‍ അതിനുശേഷം നടക്കുന്ന ചര്‍ച്ചക്കും ശേഷം നമുക്ക്
ബ്ലോഗ് സാഹിത്യ ശില്‍പ്പശാലയെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കാം.
സസ്നേഹം.

Blog Academy said...

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.